G Vivekanandan

 

ജി. വിവേകാനന്ദൻ

••••••••••••••••••••••••••••••
May 5

ഇന്ന് 97-ാം ജന്മവാർഷിക ദിനം
സ്മരണാഞ്ജലികൾ!

 

 


 


🌍
ഒരു ചെറു പ്രത്രവാർത്തയിൽ നിന്നാണ് ജി. വിവേകാനന്ദൻ തന്റെ ഏറ്റവും പ്രസിദ്ധമായ നോവൽ 'കള്ളിച്ചെല്ലമ്മ' എഴുതാനുള്ള 'ത്രഡ്' വലിച്ചു ഉയർത്തുന്നത്: കുടികിടപ്പുകാരിയായ ഒരു സ്ത്രീയെ തേങ്ങാ മോഷ്ട്ടിച്ചതിനു, ജന്മിയുടെ പരാതി പ്രകാരം, പോലീസ് പിടിച്ചു തേങ്ങാ കുല ചുമപ്പിച്ചു സ്റ്റേഷൻ വരെ നടത്തി എന്നാണ് വാർത്ത. വാർത്തയുടെ വരികൾക്കിടയിൽ ഒളിഞ്ഞു കിടക്കുന്ന ദൈന്യമായ ഒരു 'ജീവിത' കഥയുണ്ട് എന്ന് വിവേകാനന്ദൻ തിരിച്ചറിഞ്ഞു... ശേഷമുള്ള നോവൽ - കഥാപരിണാമം വിവേകാനന്ദൻ്റെ 'കല്പനാവൈഭവം'.
വിവേകാനന്ദൻ 'കള്ളിച്ചെല്ലമ്മ'യുടെ കഥ പറഞ്ഞിട്ട് ആറു പതിറ്റാണ്ടായി (64 വർഷം). 1956-ൽ ആണ് 'കൗമുദി' വാരികയിലൂടെ ‘കള്ളിച്ചെല്ലമ്മ’ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. വെള്ളായണിയിലെയും വെങ്ങാനൂരിലെയും പരിസരഗ്രാമങ്ങളിലെയും ജീവിതമാണ് ജി. വിവേകാന്ദൻ പറഞ്ഞത്. ഇവിടങ്ങളിലെ ഗ്രാമ്യഭാഷയും ഉത്സവങ്ങളും നാട്ടുഭംഗിയുമൊക്കെ ആവിഷ്‌കരിച്ചു. വെള്ളായണിക്കായലിന്റെ തീരത്തെ സാധാരണക്കാരുടെ കഥയാണ് ‘കള്ളിച്ചെല്ലമ്മ’യിലൂടെയും പറഞ്ഞത്. ചെല്ലമ്മ എന്ന യുവതിയുടെ ജീവിതപരാജയത്തിന്റെ കഥ കൂടിയായിരുന്നു അത്. മണക്കാട്ടു ചന്തയിലും പാളയം ചന്തയിലുമൊക്കെ കിലോമീറ്ററുകൾതാണ്ടി കാർഷികവിളകൾ വിൽക്കാനെത്തുന്ന സ്ത്രീകളുടെ കഥ കൂടിയായിരുന്നു അത്.
പി.ഭാസ്‌കരൻ അഭ്രപാളിയിലെത്തിച്ച 'കള്ളിച്ചെല്ലമ്മ'യ്ക്ക് ഈ വർഷം അൻപതു തികയുകയാണ്. പക്ഷേ, അരനൂറ്റാണ്ടിലേറെയായി അവൾ മലയാളസാഹിത്യത്തിലെയും സിനിമയിലെയും കരുത്തുറ്റ സ്ത്രീ കഥാപാത്രമാണ്, കള്ളിച്ചെല്ലമ്മ'. ദുരന്തം സ്വയം വാരിയണിഞ്ഞ ദുഃഖപുത്രി.
കഴിഞ്ഞ നൂറ്റാണ്ടിലെ കേരളീയ ജീവിതത്തില്‍നിന്ന്‌ അടര്‍ത്തിയെടുത്ത കഥാപാത്രങ്ങള്‍; അവരുടെ മോഹങ്ങളും മോഹഭംഗങ്ങളും ഒരു കാല്‌പനികതയുടെ ഭംഗിയോടെ ജി.വിവേകാനന്ദന്‍ ചിത്രീകരിക്കുമ്പോള്‍ ഹൃദ്യമായ ഒരനുഭവമായി മാറുന്നു.... കഥാകൃത്തും നാടകകൃത്തും നോവലിസ്റ്റുമാണ്‌ വിവേകാനന്ദൻ; എങ്കിലും നോവൽരംഗത്തു കൂടുതൽ പ്രശസ്തിനേടി...
🌍
തിരുവനന്തപുരം ജില്ലയിൽ കോളിയൂർ എന്ന സ്ഥലത്തു് 1932 മെയ് 5-ന് ജനിച്ചു. എം.എ. ജയിച്ചശേഷം ആകാശവാണിയിൽ അനൌൺസറായി ഉദ്യോഗത്തിൽ പ്രവേശിച്ചു. പിന്നീട് ന്യൂസ് റീഡർ ആയി. അതിനുശേഷം സംസ്ഥാന പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ സാംസ്കാരിക വികസന ആഫീസറും (കൾച്ചറൽ ഡെവലപ്മെന്റ് ഓഫീസറും) പിന്നാലെ ഡയറക്ടറുമായി. കേരള സ്റ്റേറ്റ് ഫിലിം ഡെവെലപ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി സർക്കാർ സേവനത്തിൽ നിന്നും വിരമിച്ചു. അദ്ദേഹം ഡയറക്ടറായിരിക്കുമ്പൊഴാണ് ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥാപിച്ചത്. വിരമിച്ചശേഷം 'കേരള കൗമുദി'യിൽ അസിസ്റ്റന്റ് എഡിറ്ററായി ജോലിചെയ്തു.
സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ കഴിയുന്നവരുടെ ജീവിതചിത്രം വരച്ചുകാട്ടുന്നവയായിരുന്നു ജി.വിവേകാനന്ദന്റെ നോവലുകൾ. പ്രമുഖമായ നോവലുകൾ: ഇരുപതു നോവലുകളും 15 കഥാസമാഹാരങ്ങളും ആറ് നാടകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.കള്ളി

ച്ചെല്ലമ്മ, പൊട്ടൻ നീലാണ്ടൻ, കള്ള്, വാർഡ് നമ്പർ ഏഴ്, യക്ഷിപ്പറമ്പ്, ശ്രുതിഭംഗം, പോക്കുവെയിൽ, അമ്മ എന്നിവയാണ് പ്രധാന നോവലുകൾ. 'ശ്രുതിഭംഗ'ത്തിന് 1986-ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. അമ്മ, ചിതറിയ ചില്ലുകൾ, അന്ത്യോപഹാരം എന്നിവയാണ് പ്രധാന നാടകങ്ങൾ.
🌍
മലയാളത്തിലെ ആദ്യത്തെ ഓർവോ കളർചിത്രമായ 'കള്ളിച്ചെല്ലമ്മ' (1969)യ്ക്കു (കഥയും) സംഭാഷണവും രചിച്ചതു് വിവേകാനന്ദനാണു്. 'റ്റാക്സി ഡ്രൈവര്‍ (1977);വാര്‍ഡ് നമ്പര്‍ 7' (1979)എന്നീ നോവലുകൾ കൂടി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും എഴുതി സിനിമയക്കിയിട്ടുണ്ട്.
1999 ജനുവരി 23-ന് അന്തരിച്ചു.
____
- ആർ. ഗോപാലകൃഷ്ണൻ | 2020 മെയ് 05


ജി വിവേകാനന്ദൻ
സഹോദരങ്ങൾ :
സുകുമാരൻ, വിദ്യാധരൻ , സോമൻ , സാവിത്രി,  ഗോമതി , ദേവരാജൻ , ശിവരാജൻ , സുധ  
ഭാര്യ : ലളിത, ഇപ്പോൾ തിരുവനന്തപുരത്തു താമസിക്കുന്നു . ഹൈ സ്കൂൾ ഹെഡ് മിസ്ട്രസ് ആയിരുന്നു .
മക്കൾ: രണ്ട്
മൂത്ത മകൻ ഡോക്ടർ ഹരിപ്രസാദ് ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കുകയും സീരിയൽ നിർമാണം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. 2004 -യിൽ  നിര്യാതനായി .
രണ്ടാമത്തെ മകൻ: പ്രൊഫ ജി വി ശ്രീകുമാർ ബോംബെ ഐഐടി യിൽ ഐഡിസി സ്കൂൾ ഒഫ് ഡിസൈനിൽ മുൻ തലവനും ഇപ്പോൾ പ്രൊഫെസ്സറും . കംപ്യൂട്ടർ മാസിക "ചിപ്പ് ", ജന്റിൽമാൻ , ചന്ദാമാമ (അംബിളി അമ്മാവൻ), സാവി , സൊസൈറ്റി , ഇന്റലിജന്റ് ഇൻവെസ്റ്റർ, ബാങ്കിങ് ഫ്രോണ്ടിയേഴ്‌സ്, സി ടി ഓ ഫോറം, നെറ്റ്‌വർക്ക് കമ്പ്യൂട്ടിങ് ഉൾപ്പെട്ട അനേകം പ്രസിദ്ധീകരണങ്ങൾ ഡിസൈൻ ചെയ്യുകയും അനേകം മാസ്സികകളിൽ ആർട് ഡയറക്ടർ ആയി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട് . ധാരാളം പുസ്‍തകങ്ങളും പുസ്‌തകങ്ങളുടെ കവറും ഡിസൈൻ ചെയ്തിട്ടുണ്ട് . പല ഭാഷകളിലും കലിഗ്രഫി (ലിപി കല ) ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട് . ബോംബയിലെ ടൈംസ് ഓഫ് ഇന്ത്യ ഗ്രുപ്പിന്റെ പത്രങ്ങളായ "ദി ഇൻഡിപെൻഡന്റ് , മെട്രോപോളിസ് ഓൺ സാറ്റർഡേ , ബോംബെ ടൈംസ്" എന്നിവയിൽ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ  ഐഐടി യിൽ ഐഡിസിയിൽ ടൈപ്പോഗ്രഫി, കലിഗ്രഫി , ഇൻഫർമേഷൻ ഗ്രാഫിക്സ്, വിഷ്വൽ ഡിസൈൻ , പബ്ലിക്കേഷൻ ഡിസൈൻ , ഹ്യൂമൻ അനാട്ടമി ഡ്രായിങ് എന്നീ പലയ വിഷയങ്ങൾ പഠിപ്പിക്കുന്നു.
ടൈപ്പോഗ്രഫി സൊസൈറ്റി ഒഫ് ഇന്ത്യയുടെ സ്‌ഥാപകനും ആദ്യത്തെ പ്രസിഡന്റും . ഇന്ത്യയിലെ ആദ്യത്തെ അന്തർദേശീയ ടൈപ്പോഗ്രഫി കോൺഫറൻസ് ആയ "ടൈപോഡേ " യുടെ പ്രഥമ ശില്പി .
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഡോക്ടർ ഗംഗാധരന്റെ "ജീവിതം എന്ന അത്ഭുതം" എന്ന പുസ്‌തകത്തിന്റെ കവർ 33 എഡിഷനിൽ 16 വർഷങ്ങളായി മാറ്റം വരുത്താതെ ഉപയോഗിക്കുന്ന കവർ ഡിസൈൻ ചെയ്തത് ശ്രീകുമാറാണ് .
ഭാര്യ സീമ കാംദാർ എഴുത്തുകാരിയും പത്രപ്രവർത്തകയും ആണ് . 
 
 
 
 

Comments

Popular posts from this blog

Devanagari Text input problems in Indesign and Illustrator

My blogs and social media handles

Ani Tithech Mrutyu